Thursday, December 27, 2007

ഒരു ജെ.സി.ബി. യും മൂന്നാളുകളും

പതിറ്റാണ്ടുകള്‍ കൊണ്ട്‌ ദുരമൂത്തവരും പരഗതിയില്ലാത്തവരുമായ മനുഷ്യര്‍ പലതരത്തില്‍ കയ്യേറിയ ഭൂമി, ഒരൊറ്റരാത്രികൊണ്ട്‌ വി.എസ്‌. അച്യുതാനന്ദന്റെ ഗവണ്‍മന്റ്‌ ഒഴിപ്പിക്കുമെന്ന്‌ കരുതിയിരുന്ന ശുദ്ധാത്മാക്കള്‍ ഈ മലയാളക്കരയില്‍ ഉണ്ടായിരുന്നു. ഒരു സാമൂഹ്യബോധവും ഇല്ലാതെ സുരേഷ്‌ ഗോപിപ്പടങ്ങള്‍ കാണുന്നവരായിരുന്നു അവരില്‍ പലരും.അവരുടെ നിഷ്കളങ്കതയെന്ന നിശ്ചലജലാശയത്തില്‍ ഏഷ്യാനെറ്റും, ജീവന്‍ ടി.വി. യും രമേഷ്‌ ചെന്നിത്തലയുമെല്ലാം ചിക്കുന്‍ ഗുനിയാ കൊതുകിനെപ്പോലെ മുട്ടയിട്ടു പെരുകി. രണ്ടോ മൂന്നോ ദിവസം കൊണ്ട്‌ എല്ലാവരേയും ഒഴിപ്പിച്ചുകളയും എന്ന പ്രതീതിയാണവര്‍ ശുദ്ധാത്മാക്കളോട്‌ പേര്‍ത്തും പേര്‍ത്തും പറഞ്ഞുകളഞ്ഞത്‌. എന്നാല്‍ പതിറ്റാണ്ടുകള്‍കൊണ്ട്‌ കയ്യേറിയത്‌ നിമിഷങ്ങള്‍കൊണ്ടോ ദിവസങ്ങള്‍ കൊണ്ടോ ഒഴിപ്പിക്കാന്‍ പറ്റില്ലെന്ന്‌ വിവരമുള്ളവര്‍ പറഞ്ഞുകൊണ്ടേയിരുന്നു.

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര കുടിച്ച്‌ കൊതുകുകള്‍ അര്‍മാളിച്ചു നടന്നു. അവര്‍ മാര്‍ക്സിസ്റ്റ്‌ പര്‍ടിയിലെ വില്ലന്‍മാരായി ചില നേതാക്കളെ അവതരിപ്പിച്ചുകൊണ്ടേയിരുന്നു.

മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ നന്‍മയൊന്നുമല്ല, മറിച്ച്‌, ജെ.സി.ബി. എന്ന ഒരു യന്ത്രം 2007 മെയ്‌ മാസത്തില്‍ കണ്ടുപിടിക്കപ്പെട്ടതാണ്‌ ഇന്നീക്കാണുന്ന ഒഴിപ്പിക്കലിനെല്ലാം കാരണമെന്ന മട്ടില്‍ പിന്നീട്‌ അവര്‍ ജനത്തെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.ഒരു ജെ.സി.ബി. യും മൂന്നാളുകളും ആണ്‌ ഇക്കണ്ട ഒഴിപ്പിക്കലെല്ലാം നടക്കാന്‍ കാരണമെന്നയിരുന്നു അവരുടെ ഒതളങ്ങാവര്‍ത്തമാനത്തിന്റെ ഒരു സ്റ്റൈല്‍.

ഒരു ജെ.സി.ബി. യും മൂന്നാളുകളും ഉണ്ടായാല്‍ വനം കയ്യേറ്റം അവസാനിക്കും എന്നതാണ്‌ കേരളത്തിലെ മാധ്യമശിംഘങ്ങളുടെ പുത്തന്‍ കണ്ടുപിടുത്തം. അതു തൊള്ളതൊടാതെ വിഴുങ്ങുന്ന പാവം മന്ദബുദ്ധികളും ഉണ്ട്‌. മീശ ഉള്ള ഉദ്യോഗസ്ഥനും, മീശ ഇല്ലാത്ത ഉദ്യോഗസ്ഥനും പണ്ടും ഇവിടെ ഉണ്ടായിരുന്നു, അവര്‍ അന്ന്‌ എന്തു ചെയ്തു? അവരെ പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചോ? ഗവണ്‍മെന്റിന്റെ നയത്തിനു എതിരായി ഒരു ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തിക്കാനാവില്ല. അപ്പോള്‍, നയമാണു മാറിയത്‌. ആ നയം, വി.എസ്‌. ന്റെ വ്യക്തിപരമായ നയം മാത്രമല്ല,ഗവണ്‍മെന്റിന്റേതും എല്‍.ഡി.എഫ്‌.-ന്റേതും ആണ്‌. ഈയൊരു കേവലസത്യം മാത്രമാണ്‍്‌ പിണറായി വിജയന്‍ പറഞ്ഞതും.

ജനത്തിന്‌ കാര്യങ്ങള്‍ മനസ്സിലാകാഞ്ഞിട്ടൊന്നുമല്ല.

ആരൊക്കെയാണിപ്പോള്‍ ഉറഞ്ഞുതുള്ളുന്നതെന്നു നോക്കിയാല്‍ മാത്രം മതി കാര്യങ്ങള്‍ പിടികിട്ടാന്‍.

യു.ഡി.എഫ്‌. ഭരണത്തില്‍ പാവപ്പെട്ട വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ആയിരുന്നു ഒച്ചയുണ്ടാക്കിയതെങ്കില്‍ ഇന്നിപ്പോള്‍ ജി.പി.സി. നായരും ജോര്‍ജ്‌ പോളും ആണ്‌ ഗ്വാ..ഗ്വാ വിളിക്കുന്നത്‌. യേശു ജന്‍മമെടുത്ത കാലിത്തൊഴുത്തിനെയും പരമദരിദ്രരായ കുഞ്ഞാടുകളെയുമൊന്നും കാണാന്‍ അച്ചന്‍മാര്‍ക്ക്‌ കാഴ്ച ഇല്ലാതായിരിക്കുന്നു. പണിക്കരും പള്ളിയുമെല്ലാം ഒരിക്കല്‍ക്കൂടി കൈകോര്‍ക്കുന്നു. ഇവര്‍ എല്ലാവരുടെയും തല വൃത്തികെട്ട ചെന്നിത്തല ആയി മാറിയിരിക്കുന്നു.

ചില ആളുകള്‍ക്കിപ്പോള്‍ ഭയങ്കര ചൊറിച്ചിലാണ്‌. ജി.പി.സി. നായര്‍ക്കും ജോര്‍ജ്‌ പോളിനും, ഫാദര്‍ താഴത്തിനാണെങ്കില്‍ പറയാന്‍ പറ്റാത്തിടത്തെല്ലാം ചൊറിച്ചിലാണ്‌.

ഓര്‍മ്മയില്ലേ വളരെയൊന്നും പഴക്കമില്ലാത്ത ആ യു.ഡി.എഫ്‌. ഭരണകാലം?

പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കടല്‍ "പീച്ചേ മുഡ്‌" എന്നുപറഞ്ഞ്‌ കടല്‍ പിന്‍വാങ്ങുകയും കേരളം ഉണ്ടാവുകയും ചെയ്‌തു. മലനാടും ഇടനാടും തീരപ്രദേശവും ഉണ്ടാകട്ടെ എന്ന്‌ ദൈവം അരുളിച്ചെയ്തു. അതുമൂന്നും ഉണ്ടായി. ആകാശത്ത്‌ ഇടിവെട്ടി. മൂന്നാം നാള്‍ മഴയുണ്ടായി. മഴയ്ക്ക്‌ പിന്നാലെ കാടും മതികെട്ടാനും ഉണ്ടായി. ചന്ദനവും മാഫിയയും അവര്‍ക്ക്‌ നാഥനായി വിശ്വനാഥനും പിറന്നു. കറുത്ത കട്ടി മീശവച്ച കുഞ്ഞുമാണി ഒരുതുണ്ട്‌ ഖദര്‍ തുണിക്കുള്ളില്‍ കുഞ്ഞിക്കാലിട്ടടിച്ച്‌ തൊണ്ടകീറി കരഞ്ഞു. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ 16008 ബീവിമാര്‍ക്കും രക്ഷകരായി പബ്ലിക്ക്‌ പ്രൊസിക്യൂട്ടര്‍മാര്‍ കോടതിവരാന്തകള്‍ നിരങ്ങി.

ആദിവാസികളെ വെടിവെച്ചമര്‍ത്തണമെന്ന്‌ പുരുഷന്‍മാരില്‍ ഉത്തമന്‍മാരാണെന്ന്‌ നടിക്കുന്നവര്‍ അലറി. കേരളത്തിന്റെ ചരിത്രത്തിലെ കറുകറുത്ത കാലഘട്ടം. പരശുരാമന്‌ കരച്ചില്‍ വന്നുകാണണം.

എല്ലാമേഖലകളും സ്വകാര്യമേഖലയ്ക്ക്‌ തുറന്നുകൊടുത്ത്‌ ഗവണ്‍മെന്റുകള്‍ പിന്‍വാങ്ങിയ കാലം. സര്‍ക്കാര്‍ ജീവനക്കാരും കര്‍ഷകരും, അധ്യാപകരും, വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ആത്മഹത്യക്കൊരുമ്പെട്ട കറുകറുത്ത കാലഘട്ടം. എസ്‌.എസ്‌.എല്‍.സി ചോദ്യപ്പേപ്പര്‍ പോലും മീന്‍മാര്‍ക്കറ്റില്‍ വില്‍പ്പനക്ക്‌ കിട്ടിയ കാലം.ഭരണകൂടം ഒരുപിടി അഴിമതിക്കാര്‍ക്ക്‌ കുടപിടിക്കാന്‍ നഗ്നമായി ദുരുപയോഗിക്കപ്പെട്ട കാലം.2006 മേയ്‌ മാസത്തില്‍ കുത്തിയൊലിച്ചുവന്ന പൊതുജനവികാരപ്പെരുമഴയില്‍ രാവണന്‍ കോട്ട്ടകള്‍ കടലെടുത്തു.കാലം മാറി. ഭരണത്തിന്റെ പുറമ്പോക്കില്‍ നിര്‍ത്തപ്പെട്ടിരുന്ന പാവങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ ജനങ്ങളുടെ മന്ത്രിമാരുണ്ടായി.വനഭൂമിയും, ചന്ദനവും, കടലോരവും, മണ്ണും പെണ്ണും, വിദ്യാഭ്യാസവും, ആരോഗ്യരംഗവും എല്ലാം കയ്യേറാന്‍ മാഫിയാസംഘങ്ങള്‍ക്ക്‌ കണ്ണടച്ചുപിടിച്ചുകൊടുത്തവന്‍ ചാണ്ടിച്ചായന്‍. ഇന്നിപ്പോള്‍ പഴയ തിരക്കൊന്നും അദ്ദേഹത്തിനില്ല.

വി.എസ്‌. സ്വകാര്യസ്വത്തോ അതോ പൊതുസ്വത്തോ എന്ന ക്വിന്റല്‍ ക്വസ്റ്റ്യനില്‍ കടിച്ചുപറിച്ച്‌ പല്ലുകളയുകയാണ്‌ ഉമ്മന്‍ ചാണ്ടി.

"ഗവണ്‍മെന്റിന്റെ പ്രകടനം നിരാശാജനകം" എന്ന്‌ രമേശന്‍. ശരിയാണ്‌ ജി.പി.സി നായര്‍ക്കും ജോര്‍ജ്‌ പോളിനും നിരാശ. മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കും എല്ലാത്തരം മാഫിയക്കും നിരാശ. എങ്ങനെ വഞ്ചനാദിനം ആചരിക്കാതിരിക്കും യു.ഡി.എഫ്‌!!!!.

വി.എസ്‌. ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍ എന്ന്‌ മാധ്യമശിംഘങ്ങള്‍ കൊട്ടിഘോഷിക്കുന്ന കാര്യങ്ങള്‍ അല്ല യഥാര്‍ഥത്തില്‍ അതിന്റെ പത്തരമാറ്റുള്ള മേന്‍മകള്‍.അക്കാര്യം ശരിക്കും മനസ്സിലാകണമെങ്കില്‍ ഉമ്മന്‍ ഗവണ്‍മന്റ്‌ 2001 മുതല്‍ 2006 വരെ ജീവിതത്തില്‍നിന്നും കുടിയിറക്കിയവര്‍ ആരെന്നു നോക്കണം. വിദ്യാഭ്യാസരംഗത്തുനിന്നും പാവങ്ങളായ മിടുക്കന്‍മാരെ കുടിയിറക്കി ചോദ്യപേപ്പര്‍ ഫിഷ്‌മാര്‍ക്കറ്റില്‍ ലേലം വിളിച്ചുവിറ്റകാലം അത്രയ്ക്കങ്ങ്‌ പഴയതൊി‍ന്നുമല്ലല്ലോ? ജി.പി.സി. നായരും ജോര്‍ജ്‌ പോളും സൂപ്പര്‍ വിദ്യാഭ്യാസമന്ത്രി കളിച്ച്‌ നടന്നതും മറക്കാറായോ? ധര്‍മ്മാശുപത്രികള്‍ എന്നറിയപ്പെട്ടിരുന്ന ജില്ല ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ ആശുപത്രികളില്‍ മരുന്നും ഡോക്ടര്‍മാരും ഭക്ഷണവും ഇല്ലാതാക്കി നിരാലംബരായ രോഗികളെ കുടിയിറക്കിയതും ഉമ്മന്റെ ഭരണനേട്ടം തന്നെ.‌